ചങ്ങനാശേരി : മുൻ മന്ത്രി കെബി ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കേസുമായി ചിലര്‍ നടക്കുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ് കുമാര്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. അനധികൃതമായി ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാട് എന്‍എസ്എസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പത്മ കഫേയില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. സാധിക്കുമെങ്കില്‍ കേരളത്തിലുടനീളം കൂടുതല്‍ പത്മ കഫേകള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷിന് ഇപ്പോൾ ഇത്തരത്തിലുള്ള തോന്ന്യാസങ്ങൾ ഉണ്ടായതെന്നും ഇത്രയും വർഷമായി ഇല്ലാത്ത ആരോപണങ്ങൾ പെട്ടെന്ന് ഉയർന്നുവരുന്നതിന് പിന്നിൽ മറ്റ് താല്പര്യങ്ങളാണെന്നും സുകുമാരൻ നായർ പരിഹസിച്ചു.
ഗണേഷിന് ഇപ്പോൾ എന്തൊക്കെ സ്ഥാനവും മാനവുമാണ് ഉള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്റെ 'സമദൂരം' എന്നത് ശരിയായ നിലപാടാണെന്നും അത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തുടർന്നും ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഗണേഷിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും അയാൾ തനിക്ക് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.






