ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കുന്ന വെങ്കിടാ വെങ്കിട്ട് ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വസന്ത് വിഹാർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്.
യുഎസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരില്‍ നിന്ന് ഏകദേശം 700 കോടി രൂപ സമാഹരിച്ചെന്നാണ് പരാതി.
ഡൽഹിയിലും കേരളത്തിലുമടക്കം ഇവർ തട്ടിപ്പ് നടത്തിയെന്ന പരാതികളില്‍ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീല്‍ അഹമ്മദ്, മറ്റു മലയാളികള്‍ അടക്കമാണ് വിവിധ കേസുകളില്‍ പ്രതികള്‍ ആയിരിക്കുന്നത്.
83,000 കോടി രൂപയോളം വരുന്നതാണ് അമേരിക്കയില്‍ നിന്ന് ലഭിച്ച കരാർ എന്നൊക്കെയായിരുന്നു പ്രചാരണം. നിലവില്‍ ദില്ലിയിലെ വസന്ത് വിഹാർ പൊലീസ് കഴിഞ്ഞ മാസം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ് എന്നാണ് വിവരം. അറസ്റ്റിലായ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ദില്ലി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കി.
വെങ്കിടിന്റെ സഹായിയായ രാഹുല്‍ എന്ന മലയാളിയും പിടിയിലായെന്നാണ് വിവരം. ഇവരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നാണ് ദില്ലി പൊലീസിന്റെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വ്യക്തമാക്കുന്നത്.






