മുക്കം: എസ്എംഎ ബാധിച്ച് ചികിത്സയിലുള്ള കല്ലുരുട്ടിയിലെ മൂന്ന് കുരുന്ന് സഹോദരങ്ങളുടെ പേരില്‍ വ്യാജ ക്യൂആർ കോഡ് നിർമിച്ച് പണം തട്ടിയ കേസില്‍ ശ്രീ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാമ്പറ്റ ഓഫിസില്‍ മുക്കം പൊലിസ് പരിശോധന നടത്തി.
ട്രസ്റ്റ് ചെയർമാൻ തിരുവമ്പാടി പുന്നക്കല്‍ സ്വദേശി നടക്കാവില്‍ വീട്ടില്‍ നൈസാമിനെതിരേ കഴിഞ്ഞ ദിവസം വഞ്ചനാ കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച രാവിലെ മുക്കം ഇൻസ്പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പിരിവിനുപയോഗിച്ച ബക്കറ്റുകളും റസീപ്റ്റുകളുമുള്പ്പെടുന്ന അനുബന്ധ രേഖകളും പൊലിസ് പിടിച്ചെടുത്തു. ബാങ്ക് വിശദാംശങ്ങളും കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും.
അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
നേരത്തേ, ബിഎൻഎസ് നിയമത്തിലെ 318-ാം വകുപ്പ് പ്രകാരമാണ് നൈസാമിനെതിരേ പൊലിസ് കേസെടുത്തിരുന്നത്.





