കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർത്ഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല തുടക്കം.
കായികപ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ചു.
ചടങ്ങിൽ എം. കെ. രാഘവൻ എം.പി, കെ. ജയന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ഗാമെൻ വേൾഡ് സ്പോർട്സ്, എ .ടു. സി ലോജിസ്റ്റിക്സ്, സബ ദോസ് ഇനിഷ്യറ്റീവ് എന്നിവരുടെ നേതൃത്വത്തിലാണ് റിട്ടേൺ ഓഫ് ദി ടൈറ്റൻസ് 2026 കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20-ന് സംഘടിപ്പിക്കുന്നത്.
ലോക ഫുട്ബോൾ ഇതിഹാസങ്ങൾ അണിനിരക്കുന്ന ചരിത്ര പോരാട്ടത്തിന്റെ ആവേശം മലബാറിന്റെ മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽത്താസ അവതരിപ്പിക്കുന്ന ത്രിദിന വിളംബര ജാഥ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചത്.
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നമ്മുടെ നാട്ടിലെത്തി പന്തുതട്ടുന്നത് ഏതൊരു ഫുട്ബോൾ പ്രേമിയുടെയും സ്വപ്നമാണെന്ന് ചടങ്ങിൽ സംസാരിച്ച മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫി പറഞ്ഞു.
കാനറിപ്പടയും ഇന്ത്യൻ താരങ്ങളും കൊച്ചിയിൽ ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം ആവേശക്കടലാകുമെന്നും കേരളത്തിലെ വളർന്നുവരുന്ന യുവ കായികതാരങ്ങൾക്ക് ഈ മത്സരം വലിയൊരു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോടിന്റെ മണ്ണിൽ നിന്ന് തന്നെ ഇത്തരമൊരു അന്താരാഷ്ട്ര മത്സരത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനായത് ഏറെ സന്തോഷകരമാണെന്ന് ചടങ്ങിൽ പങ്കെടുത്ത എം.എൽ.എ കെ. ജയന്ത് വ്യക്തമാക്കി.
സംസ്ഥാനത്തെ കായിക മേഖലയ്ക്ക് വലിയൊരനുഭവവും ഉണർവും നൽകാൻ ഈ പോരാട്ടത്തിന് സാധിക്കുമെന്നും മത്സരത്തിനും സംഘാടകർക്കും എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമുയർത്തി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചാണ് ദീപശിഖ പ്രയാണം നടത്തുന്നത്.
"ലഹരിക്കല്ല, ഫുട്ബോളിന് അടിമപ്പെടാം, ഒരു തൂഫാൻ പോരാളിയാകൂ" എന്ന ആഹ്വാനത്തോടെ യുവാക്കൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച ദീപശിഖ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തും. ആരാധകർക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (ഡിസ്ട്രിക്ട് ആപ്പ്) വഴിയുള്ള ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണെന്ന് ഗാമെൻ വേൾഡ് സ്പോർട്സ് അധികൃതർ അറിയിച്ചു.






