വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിനും ഉദയനാപുരം ശ്രീസുബ്രന്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനുമുള്ള കൊടിക്കൂറ സമർപ്പിച്ചു. ഇരുക്ഷേത്രങ്ങളിലും ഇന്ന് രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കപ്രയാർആലുങ്കൽ പ്രതാപചന്ദ്രനാണ് ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കൂറ വഴിപാടായി സമർപ്പിച്ചത്.രാവിലെ 8.30ഓടെ ഉദയനാപുരം ക്ഷേത്രത്തിൽ കൊടിക്കൂറ എത്തിച്ച് 8.40 ഓടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. ഉദയനാപുരം ക്ഷേത്രത്തിൽ തന്ത്രി മാധവൻ നമ്പൂതിരി ദക്ഷിണ സ്വീകരിച്ച ശേഷം കൊടിക്കൂറ
ഏറ്റുവാങ്ങി. തുടർന്ന് 10.30ന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറ ക്ഷേത്രത്തിന് വലം വച്ച ശേഷം കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. അവകാശിയായകിഴക്കേടത്ത് ശങ്കരൻ മൂസത് കൊടിക്കൂറ ഏറ്റുവാങ്ങി.
ചെങ്ങന്നൂർ ആലത്തൂർ കെ.ജി. സാജനാണ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭജനമിരുന്ന് ഇരു ക്ഷേത്രത്തിലേയും നിറപകിട്ടേറിയ കൊടിക്കുറകൾ തുന്നിയത്. 47കാരനായ സാജൻ കഴിഞ്ഞ 25 വർഷമായി വൈക്കത്തഷ്ടമി കൊടിയേറ്റിനും 23 വർഷമായി ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവ കൊടിയേറ്റിനും കൊടിക്കൂറതുന്നി വരികയാണ്. അഞ്ച് മീറ്റർ നീളമുള്ള ഋഷഭാങ്കിതമായ കൊടിക്കുറയ്ക്ക് ഏഴു വർണ്ണങ്ങളാണുള്ളത്. മുന്തിയ ഇനം പട്ടുകളും കമ്പിള്ളിയും 21 കോളങ്ങളിലായാണ് തുന്നിചേർത്തിരിക്കുന്നത്. കഴിഞ്ഞ 16വർഷമായി വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിൽ ആലുങ്കൽ പ്രതാപചന്ദ്രനാണ് വഴിപാടായി കൊടിക്കൂറ സമർപ്പിക്കുന്നത്. ഉദയനാപുരത്ത് 16നും വൈക്കത്ത് 20നും ഉത്സവത്തിന് കൊടിയേറും





