കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) ഹരിതകർമസേന ശേഖരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ആക്രിസാധനങ്ങൾ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഹരിതകർമസേനാംഗങ്ങൾ.
കസേരകളും മേശകളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നഷ്ടമായെന്നാണ് പരാതി. സംഭവസമയത്ത് സിസിടിവി ക്യാമറ പ്രവർത്തനം നിലച്ചിരുന്നതും സംശയത്തിന് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി സമർപ്പിച്ചു.
നഗരസഭാ കാര്യാലയത്തിന് സമീപത്തെ മത്സ്യമാർക്കറ്റ് കെട്ടിടത്തിന് മുകളിലാണ് എംസിഎഫ് പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിവരെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നെങ്കിലും തുടർന്ന് ക്യാമറ പ്രവർത്തനം നിലച്ചതായി ഹരിതകർമസേന ആരോപിക്കുന്നു. ഇതിന് ശേഷമാണ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കാണാതായതെന്നാണ് ഇവരുടെ വിശദീകരണം.
അതേസമയം, എംസിഎഫ് ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാർ സാധനങ്ങൾ ക്രമീകരിച്ച് മാറ്റിവെച്ചതാണെന്നും സ്ഥലസൗകര്യം ലഭിച്ചതിനെ തുടർന്നുണ്ടായ തെറ്റിദ്ധാരണയാണ് മോഷണപരാതിക്ക് കാരണമായതെന്നും നഗരസഭ അധികൃതർ വിശദീകരിക്കുന്നു.
എന്നാൽ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജീവനക്കാർ എംസിഎഫിൽ പ്രവേശിച്ചതെന്നും സിസിടിവി പ്രവർത്തനം നിലച്ച സാഹചര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെടുന്നു. അറുപതിലധികം അംഗങ്ങളുടെ ഒപ്പോടുകൂടിയ പരാതിയാണ് നഗരസഭയ്ക്ക് കൈമാറിയിരിക്കുന്നത്. ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റ് ലഭിക്കേണ്ട ഏകദേശം രണ്ടര ലക്ഷം രൂപ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ആ തുകയും അടിയന്തരമായി വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പരാതിയിൽ തൃപ്തികരമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഹരിതകർമസേന മുന്നറിയിപ്പ് നൽകി.






