ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ നിലകൊള്ളുന്ന മത്സ്യമാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായി ബിജെപി.
ഇതിന്റെ ഭാഗമായി ജൂലൈ 27ന് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നഗരസഭ ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബി.ജെപി മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്യും.
മത്സ്യമാര്‍ക്കറ്റ് മൂലമുള്ള മലിനീകരണം ജനകീയ വിഷയമാണ്. ഇതിനൊരു തീരുമാനമാകാതെ സമരത്തില്‍ നിന്നും പിന്തിരിയുകയില്ല. അടുത്തഘട്ടത്തില്‍ പിക്കറ്റിങ് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തും. മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനീകരണം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ ബസ്റ്റാന്ഡിനുള്ളിലാണു മീന്‍ പെട്ടികള്‍ ഇറക്കി വയ്ക്കുന്നത്. പരിസരമാകെ അതീവ ദുര്‍ഗന്ധമാണ്. വല്ലപ്പോഴും വെള്ളം ഒഴിച്ചു കഴുക മാത്രമാണു നഗരസഭ ചെയ്യുന്നത്.
മത്സ്യ മാര്‍ക്കറ്റിന് അനുയോജ്യമായ സ്ഥലം നഗരസഭ തന്നെ കണ്ടെത്തി സീവേജ് പ്ലാന്റോടുകൂടി നിര്‍മ്മിക്കണമെന്നു കൗണ്‍സിലര്‍ ഉഷ സുരേഷ് പറഞ്ഞു.
നിലവില്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനവെള്ളം ഓടയിലൂടെ ഒഴുകി ചെറുവാണ്ടൂര്‍ പാടശേഖരത്തെത്തി അവിടെ നിന്നും മീനച്ചിലാറ്റില്‍ പതിക്കുകയാണ്. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നഗരസഭയാകട്ടെയാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും ഉഷ സുരേഷ് പറഞ്ഞു.






