കോഴിക്കോട്: താമരശ്ശേരിയില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. കമ്മാളൻകുന്നില് ഇന്നലെ രാത്രിയാണ് സംഭവം.
താമരശ്ശേരി പൊലീസും എക്സൈസ് റേഞ്ച് സംഘവുമാണ് സംയുക്തമായി റെയ്ഡ് നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശിക്ക് വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്നാണ് വിദേശമദ്യവും വെടിയുണ്ടകളും പിടികൂടിയത്. വീട് കേന്ദ്രീകരിച്ചു സംശയകരമായ പ്രവർത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം അടച്ചിട്ട വീട് കുത്തിത്തുറന്ന് പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത വിദേശമദ്യം എക്സൈസും വെടിയുണ്ടകള്‍ പൊലീസും കസ്റ്റഡിയിലെടുത്തു. വെടിയുണ്ടകള്‍ വലിയ തോക്കില്‍ ഉപയോഗിക്കുന്നവയാണ്. വീടിനകത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടില്ല.
വീട്ടുടമ ആണ് താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. വെടിയുണ്ടകളും വിദേശമദ്യവും എന്തിന്, എവിടെ നിന്ന് വാങ്ങി എന്ന കാര്യത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. വീട്ടുടമയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം.






