പാലാ : ജീവതാളം തൊട്ടറിയുന്നവർ സ്റ്റെതസ്കോപ്പ് താഴെ വച്ച് ചെണ്ടക്കോലെടുത്തു. പിന്നീട് കണ്ടത് 'മേളപ്പെരുക്കത്തിലെ ഡോക്ടേഴ്സ് പെരുമ
ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) പാലാ ശാഖയുടെ ഓണാഘോഷ പരിപാടിയായിരുന്നു വേദി. ഡോ. ശബരിനാഥ് സി. ദാമോദരൻ, ഡോ. തോമസ് വാവാനിക്കുന്നേല്‍, ഡോ. കിരണ്‍ കെ. പ്രഭാകർ, ഡോ. ഹരികുമാർ ജി, ഡോ. ജോസ് കുരുവിള എന്നിവർ ചേർന്നാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്. വൈദ്യരംഗത്തെ തിരക്കേറിയ ജീവിതത്തിനിടയിലും ചെണ്ടയുടെയും താളവാദ്യങ്ങളുടെയും പരിശീലനം നടത്തി വേദിയിലെത്തിയ ഇവർക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ചെണ്ട, ഇലത്താളം ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ മേളക്കൊട്ടോടെ അരങ്ങേറിയ അവതരണം ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായി.
പ്രമുഖ സോപാന സംഗീത കലാകാരനും കടപ്പാട്ടൂർ ഓംകാര കലാപീഠം ഡയറക്ടറുമായ വിനോദ് സൗപർണികയുടെ കീഴിലാണ് പഞ്ചാരിമേളം അഭ്യസിച്ചത്. തുടർന്നും തങ്ങളുടെ കലാസപര്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ ആതുരശുശ്രൂഷകർ ആഗ്രഹിക്കുന്നത്.






