പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയില്.
പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫല് നജീബ് (34) ആണ് പിടിയിലായത്.
പശ്ചിമ ബംഗാള് ജാല്പ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
നൗഫലും സിദ്ദിഖും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവില് സിദ്ദീഖിനെ മർദ്ദിച്ച് നിലത്തിടുകയും ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുമ്പ് മദ്യപിക്കുന്നതിനായി നല്കിയ പണം സിദ്ദിഖിനോട് നൗഫല് തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന്റെ കാരണം. കരിങ്കല്ല് വീണ് ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞ സിദ്ദീഖിനെ പത്തനംതിട്ട ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.






