കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ ആറുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി തിരുവല്ല മുത്തൂർ മുളയ്ക്കല്‍ വീട്ടില്‍ നീതു എസ്.കുമാർ (38)നെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായിയായിരുന്നു നീതു. കേസിലെ പ്രധാന പ്രതി തൊടുപുഴ സ്വദേശി കെവിൻ ബി. മാത്യു (42) വിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
തിരുവല്ലയിലെ വാടകവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് ആറുമാസമായി ഒളിവിലായിരുന്ന നീതു പിടിയിലായത്.
കെവിനു ലഹരിമരുന്ന് എത്തിച്ചതിന് എക്സൈസ് സംഘം മുൻപു പിടികൂടിയ വിപിൻ എസ്.കുമാറിന്റെ (30) സഹോദരിയാണ് നീതു.
കഴിഞ്ഞ ഏപ്രിലിലാണ് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ ബി. മാത്യു അറസ്റ്റിലായത്. അന്നുതന്നെ, ഇയാളുടെ പ്രധാന സഹായി നീതുവാണെന്നും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തുന്നത് അവരാണെന്നും പോലീസിനു മനസിലായിരുന്നു.
കെവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ പരിശോധനയാണ് നീതുവിലേക്ക് അന്വേഷകരെ എത്തിച്ചത്.
ലഹരിമരുന്ന് വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒളിവില്‍ പോയി.
തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ഒളിത്താവളങ്ങള്‍ മാറിമാറി താമസിച്ചു വരികയായിരുന്നു നീതുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ നീതു തിരുവല്ലയില്‍ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുന്നതായി പെോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.






