ദൃശ്യം 3 ഹിന്ദി റീമേക്ക് വലിയ ജനപ്രീതി സ്വന്തമാക്കി തിയേറ്ററുകളിൽ മുന്നേറുകയാണ്. ആഗോളതലത്തില് 509 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില് തന്നെ വലിയ നേട്ടം കൈവരിച്ച ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില് എത്തിയ 'ദൃശ്യം'. തിയറ്ററില് എത്തിയ ഒന്നും മൂന്നും പതിപ്പുകള് വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും മൂന്നാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. അതിനിടെയാണ് കഥയില് വ്യത്യാസത്തോടെയെത്തിയ ദൃശ്യം 3 ഹിന്ദി റീമേക്ക് വലിയ വിജയം നേടുന്നത്.
ഒക്ടോബര് 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായകൻ. മലയാളം പതിപ്പിന്റെ മൂന്നാം ഭാഗത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് 'ദൃശ്യം: ദ കൺക്ലൂഷൻ'. മലയാളത്തിൽ ചിത്രത്തിന് നാലാം ഭാഗമുണ്ടാവുമെന്ന സൂചന നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ, ഹിന്ദിയിൽ ഫ്രാഞ്ചൈസി അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്.
അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.






