തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നതായി മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിൽ. അദ്ദേഹത്തെ നേരിട്ട് കാണണമെന്നാണ് ആഗ്രഹം.
കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നേരിൽ കാണാൻ അവസരം കിട്ടിയാൽ ക്ഷമ ചോദിക്കുമെന്നും മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നുമായിരുന്നു ചേന്തി അനിലിന്റെ പ്രതികരണം.
അതേസമയം, കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ചേന്തി അനിലിന് ജാമ്യം അനുവദിച്ചിരുന്നു.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിലുള്ള പ്രതിഷേധമാണ് അതിക്രമത്തിന് കാരണമായത്.
ഇതിൽ പ്രതിഷേധിച്ച് അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തുകയും അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്.






