തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി, ഭരണസംവിധാനം എന്നിവ സമഗ്രമായി വിലയിരുത്തി
പുനഃസംഘടനാ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ളയാണ് സമിതി അധ്യക്ഷ.
ഫെഡറല്‍ ബാങ്ക് മുന്‍ എംഡി ശ്യാം ശ്രീനിവാസന്, മുന്‍ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്, അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് മുൻ ചെയർമാൻ നിലേഷ് വികാംസെ, മുന്‍ സിഎജി ഓഡിറ്റ് ബോര്‍ഡ് ഡയറക്ടര്‍ എച്ച്. ശുഭലക്ഷ്മി നാരായണന് എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ കാലാവധി മൂന്ന് മാസമാണ്.
കിഫ്ബിയുടെ രൂപീകരണ ലക്ഷ്യം, പിന്നീട് വന്ന മാറ്റങ്ങള്‍, വായ്പാ സമാഹരണ രീതി, മസാല ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള കടമെടുപ്പ്, അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സമിതിക്ക് ചുമതല നല്കി.
സംസ്ഥാന വരുമാനം കിഫ്ബിയിലേക്ക് നേരിട്ട് വകമാറ്റിയത് നിയമപരവും ഭരണഘടനാപരവുമായിരുന്നോയെന്നും, അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് വിനിയോഗിച്ചത് ജില്ലകളിലും മേഖലകളിലും തുല്യമായിരുന്നോയെന്നും സമിതി പരിശോധിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ഓഫ്-ബജറ്റ് വായ്പാ നയത്തിന്റെ പശ്ചാത്തലത്തില്‍ കിഫ്ബിയുടെ ഭാവിയിലെ പ്രസക്തി, ഘടന, നിയമനങ്ങള്‍,
മനുഷ്യവിഭവ നയം എന്നിവ ഉള്‍പ്പെടെ വിലയിരുത്തി ഭാവി പ്രവര്‍ത്തനരൂപരേഖ സമര്‍പ്പിക്കാനാണ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമിതിക്ക് ഏകോപനവും സെക്രട്ടേറിയറ്റ് പിന്തുണയും നല്കാന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്.






