ചെന്നൈ: സിപിഎം നേതാവും മധുര ലോക്സഭാ എംപിയുമായ സു. വെങ്കടേശനെതിരെ പരിഹാസവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര് സ്വാമിനാഥന്.
ജുഡീഷ്യറിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സു വെങ്കിടേസന് നടത്തിയ പ്രസ്താവനയാണ് ജസ്റ്റിസ് സ്വാമിനാഥനെ ചൊടിപ്പിച്ചത്. മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുകയും ചെയ്യുന്നയാളാണ് കോടതിയെ ഉത്തരവാദിത്തം പഠിപ്പിക്കുന്നതെന്ന് ജസ്റ്റിസ് സ്വാമിനാഥന് അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടിലുടനീളമുള്ള പൊതു ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ പരാമര്‍ശം. കോയമ്പത്തൂരിലെ 'പെരിയാര്‍ അറിവുലകം' ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ തട്ടിപ്പ് നടന്നതായി അടുത്തിടെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ജസ്റ്റിസ് സ്വാമിനാഥന് അഭിപ്രായപ്പെട്ടു. ഇതിനെതിരെ വെങ്കടേശന് വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിലാണ് ജഡ്ജിയുടെ പ്രതികരണം ഉണ്ടായത്. വിവാദമായ പുസ്തകങ്ങള്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് ഒഴിവു വന്ന അലമാരകളില്‍, അന്തരിച്ച കാഞ്ചി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ആത്മീയ പുസ്തകങ്ങള്‍ വെക്കാമെന്ന് ജസ്റ്റിസ് സ്വാമിനാഥന് പുസ്തക പ്രകാശന ചടങ്ങില്‍ തമാശരൂപേണ നിര്‍ദ്ദേശിച്ചു. നടന്ന ക്രമക്കേടിനുള്ള പ്രായച്ഛിത്തമായി ഇത് കരുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജഡ്ജിയുടെ പരിഹാസത്തോട് പ്രതികരിച്ച വെങ്കടേശന്, ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതില്‍ നടന്ന തട്ടിപ്പ് അഴിമതിയാണ്. അത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അഴിമതിക്ക് ശിക്ഷ വിധിക്കുന്നത് ജഡ്ജിയുടെ ചുമതലയാണ്. എന്നാല്‍ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം നിര്‍ദ്ദേശിക്കുന്നത് ജ്യോതിഷികളുടെ ജോലിയാണെന്നും സൂ വെങ്കടേശന് പറഞ്ഞു.





