കോട്ടയം: പുതുപ്പള്ളിയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. 25-ാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്കൂളിന് സമീപത്തുവെച്ച് ലഹരി സംഘത്തില്‍പ്പെട്ടവർ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് മർദ്ദനത്തിനിരയായ കുട്ടിയുടെ മൊഴി. പണം കൈയ്യിലില്ലെന്ന് പറഞ്ഞതോടെ പോക്കറ്റും ബാഗും പരിശോധിച്ച് ചിലറപ്പൈസ എടുത്തു. പിന്നാലെ യാതൊരു കാരണവുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി.
വിദ്യാർത്ഥിയുടെ മൂക്കില്‍ നിന്നും ചോര വരികയും ചുണ്ട് പൊട്ടുകയും കഴുത്തിന് പുറകിലും നെറ്റിയിലും പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ കുട്ടിയുടെ കുടുംബം കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്കി. ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ മൊഴിപ്രകാരം ആശുപത്രി അധികൃതരും വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
പുതുപ്പള്ളി ബോയ്സ് ഹൈസ്കൂള്‍ പരിസരത്ത് ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ പോലീസ്, ഇവർ മുൻപും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രദേശവാസികളും മറ്റ് കുട്ടികളും ഭയം മൂലമാണ് പോലീസില്‍ പരാതി നല്‍കാത്തതെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാനാണ് തങ്ങള്‍ പരാതിയുമായി മുന്നോട്ടുപോയതെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ഈ സംഘങ്ങള്‍ ഭീഷണിയാകുന്നുണ്ട്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും തടയാൻ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രാദേശിക എം.എല്‍.എ, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവരെ നേരിട്ട് കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാർ.






