തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ തുറന്നുപറച്ചിലുമായി മുൻ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍.
മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പലതും പറഞ്ഞ് പോയതെന്ന് ചേന്തി അനില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ നാവില്‍ നിന്ന് അരുതാത്തത് പലതും വന്നു. അതില്‍ വിഷമം ഉണ്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അറിയാതെ സംസാരിച്ചു പോയതാണ്. അത് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കി. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാല്‍ ഞാൻ അദ്ദേഹത്തിന്റെ മുൻപില് വച്ച് ക്ഷമ പറയും- അനില്‍ വ്യക്തമാക്കി.
ഞാൻ പാർട്ടിക്കാരനല്ല, ഗുണ്ടയാണെന്ന് ചിലർ പറഞ്ഞപ്പോള്‍ വിഷമം തോന്നി. പാർട്ടിക്ക് വേണ്ടിയാണ് കേസുകള്‍ ഉണ്ടാക്കിയത്. എന്റെ പേരിലുള്ള കേസുകള്‍ പരിശോധിച്ചാല്‍ എല്ലാവർക്കും മനസിലാകും. എന്റെ ഭാര്യ മരിച്ചിട്ട് ഒൻപത് മാസമേ ആയിട്ടുള്ളൂ. കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ അവർ സ്ഥാനാർത്ഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എന്റെ കുടുംബം പോലും പാർട്ടിക്കായി നഷ്ടമാക്കി. ഞാനുംമോളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഞാൻ ജയിലിലായപ്പോള്‍ അഞ്ച് ദിവസം മകള്‍ ഒറ്റയ്ക്കായിരുന്നു. ഇതുപോലുള്ള വിഷയങ്ങളില്‍ ചെന്ന് പെടാതെ ഇരിക്കാൻ ഇനി ശ്രമിക്കുമെന്നും ചേന്തി അനില്‍ പറഞ്ഞു.






