അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡില്‍ ചൂളപ്പറമ്പ് വീട്ടില്‍ അഷ്കറിനെയാണ് (34) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തായിരുന്നു അപകടം.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയില്‍ കയറിക്കൂടിയ പ്രതി, ആശുപത്രിയില്‍ എത്തിയ ഉടൻ ഇയാളുടെ കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുറവൻതോട് ജങ്ഷനില്‍വച്ചാണ് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തിയത്.






