കോട്ടയം :ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ നീട്ടുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ട്രെയിനുകളില്ലെന്ന പതിനഞ്ച് വർഷത്തെ യാത്രക്കാരുടെ പരാതിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
സർവീസ് നീട്ടുന്നതോടെ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മേഖലകളിൽ നിന്നുള്ളവർക്ക് തിരുവനന്തപുരത്തേക്കുള്ള യാത്ര ഏറെ എളുപ്പമാകും. കൂടാതെ, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ കാസർഗോട്ടേക്ക് നീട്ടുന്നതും, പുതിയ മെമു ട്രെയിനുകൾ അനുവദിക്കുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്.സർവീസ് പ്രാബല്യത്തിൽ വരുന്ന തീയതിയും സമയക്രമവും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.






