തിരുവനന്തപുരം : മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരികെ കൂട്ടിലെത്തി. ഇഷ്ട വിഭവങ്ങള്‍ കൂട്ടില്‍ നിരത്തിയാണ് ഹനുമാൻ കുരങ്ങിനായി മൃഗശാല അധികൃതർ കാത്തിരുന്നത്.
തന്റെ ഇഷ്ട വിഭവങ്ങള്‍ ഒഴിവാക്കി കൂടുതല്‍ നേരം കുരങ്ങിന് മാറി നില്ക്കാൻ കഴിഞ്ഞില്ല.
അതോടെ അധികൃതർ ഒരുക്കിയ കെണിയില്‍ ഹനുമാൻ കുരങ്ങ് അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൂട്ടില്‍ നിന്നും തിരുപ്പതി എന്ന ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ഹനുമാൻ കുരങ്ങിനായി മൃഗശാല അധികൃതർ ഒരുപാട് അന്വേഷിച്ചെങ്കിലും ഇന്നലെ കുരങ്ങ് മൃഗശാല വളപ്പിനുള്ളില്‍ തന്നെയുണ്ടെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു. കൂടിന് മുന്നിലുള്ള മരത്തിലാണ് ഇന്ന് വൈകിട്ട് വരെ ഹനുമാൻ കുരങ്ങ് ഉണ്ടായിരുന്നത്.
ഇന്നലെ തന്നെ തിരിച്ച് കൂട്ടില്‍ കയറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കുരങ്ങ് പുറത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് വൈകീട്ടോടെയാണ് തിരുപ്പതി എന്ന ഹനുമാൻ കുരങ്ങ് തിരിച്ച് കൂട്ടിലെത്തിയത്.






