കൂട്ടിക്കൽ : കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലം നാശത്തിന്റെ വക്കിൽ. എല്ലാ വർഷത്തെയും മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ചപ്പാത്ത് പാലത്തിൽ പതിവായി വെള്ളം കയറി നാശമുണ്ടാകുന്നതോടെ പുതിയ പാലം വേണമെന്ന് ആവശ്യം.
ഇരുവശത്തെയും കൈവരികൾ തകർന്ന് പാലത്തിലൂടെയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുല്ലകയാറിന് കുറുകെയുള്ള ഈ പാലം കോട്ടയം-ഇടുക്കി ജില്ലകളെക്കൂടി ബന്ധിപ്പിക്കുന്നത്.
വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, പുളിക്കത്തടം, പൂവഞ്ചി, നാരകംപുഴ വാർഡിലെ ജനങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് കടക്കുവാനുള്ള ഏക ആശ്രയമാണ് ചപ്പാത്ത് പാലം.
50 വർഷങ്ങൾക്കുമുൻപ് നിർമിച്ച ഈ പാലത്തിന് ഉയരക്കുറവായതിനാൽ വേഗം വെള്ളം കയറുന്നതിനും കാരണാമാകുന്നു.
മഴവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കുത്തിയെഴുകിവരുന്ന മരത്തടികളും മറ്റ് മാലിന്യങ്ങളും ശക്തമായി വന്നിടിച്ചാണ് പാലത്തിന്റെ കൈവരികൾ തകരുന്നത്. ഇത്തവണത്തെ വെള്ളപൊക്കത്തിൽ കൂറ്റൻ തടികൾ പാലത്തിൽ വന്ന് ഇടിച്ചുനിന്നത് ബലക്ഷയത്തിന് കാരണമായി.
ഒഴുക്ക് തടസ്സപ്പെട്ട് ചന്തക്കടവ്, കൂട്ടിക്കൽ ടൗൺ ഉൾപ്പെടെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിന് കാരണമായതായി പ്രദേശവാസികൾ പറയുന്നു. പാലത്തിന് വീതികുറവായതിനാൽ വാഹനക്കുരുക്കും പതിവാണ്.
ഓരോ വെള്ളപൊക്കത്തിലും കൈവരികൾ തകർന്ന് പഞ്ചായത്ത് ഫണ്ട് മുടക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. അതിനാൽ പുതിയപാലം നിർമിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് വാർഡംഗം അയൂബ്ഖാൻ കട്ടപ്ലാക്കൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എ. തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.






