തിയറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം 'ഭൗമ' രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.
റെജിൻ എസ് ബാബു സംവിധാനം ചെയ്ത 'ഭൗമ'യിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ പ്രേരണയായതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ അതിഥി ബാലൻ, മധുപാൽ, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് അഭിനയിച്ചിട്ടുള്ളത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.






