ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത "ആകാശംലോ ഒക താര" (ആകാശത്തിൽ ഒരു താരകം) ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തിൽ നടന്ന മലയാളം പ്രീമിയർ ഷോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രകടനത്തെ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ചതിലൊന്നായി വിശേഷിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകർ ചിത്രത്തെ വരവേൽക്കുന്നത്.
നായിക സാത്വിക വീരവല്ലിയുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവുമെല്ലാം കോർത്തിണക്കിയ ചിത്രം മികച്ചൊരു സിനിമാനുഭവമാണെന്നാണ് പ്രീമിയർ ഷോ കണ്ടിറങ്ങിയവരുടെ അഭിപ്രായം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി എത്തുന്നു. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും പ്രകടനങ്ങൾ പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടുന്നുണ്ട്. കല്പന എന്ന കഥാപാത്രത്തെ സാത്വിക അവതരിപ്പിച്ച രീതി ഏറെ ശ്രദ്ധേയമാണെന്നും പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രധാന മികവുകളിലൊന്നായാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മികച്ച മേക്കിംഗും ദൃശ്യാവിഷ്കാരവും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന് കൂടുതൽ മനോഹാരിത നൽകുന്നു. പ്രണയത്തിനൊപ്പം സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രചോദനത്തിനും പ്രാധാന്യം നൽകുന്ന ചിത്രം മനോഹരമായ സിനിമാനുഭവമാണെന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ.






