കോഴിക്കോട്: മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ബിഎല്‍എം ചെയർമാൻ പ്രേംകുമാറിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും.
കോഴിക്കോട് അഡിഷണല്‍ ചീഫ് ജസ്റ്റിസ് (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) വസതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ ചെന്നൈയില്‍ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്.
ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപം ഉപയോഗിച്ചു സൗകര്യ നിക്ഷേപം നടത്തി എന്നാണ് പ്രേംകുമാറിനെതിരായ പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഭാരത് ലെജ്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ബിഎല്‍എം)യിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ നല്കിയ റിപ്പോർട്ടില്‍ പറയുന്നു.
ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎല്‍എം സൊസൈറ്റിക്ക് കേരളത്തില്‍ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ബ്രാഞ്ചുകള്‍ പ്രവർത്തിക്കുന്നുണ്ട്.
ബിഎല്‍എം ചെയർമാന്റെ അറസ്റ്റ് തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രത്തെ ചൊല്ലിയാണ് വിവാദം.
അതേസമയം ജൂലൈ മൂന്നിന് തമിഴ് ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം ആണ് പ്രേംകുമാർ മുഖ്യമന്ത്രി വിജയിയെ കണ്ടത്, സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്ന പ്രേംകുമാറും മറ്റുള്ളവർക്കൊപ്പം നിന്നു എന്ന് പ്രതികരിച്ചു.
തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മില്‍ എന്ത് ബന്ധമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദിക്കുന്നു. പ്രേംകുമാറിന്റെ കമ്പനിയുടെ ബസുകള്‍ ടിവികെ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വിശ്വസവോട്ടിന് മുൻപ് എംഎല്‍എമാരെ കൊണ്ടുപോയത് ഈ ബസുകളിലാണ്.
അറസ്റ്റിന് പിന്നാലെ ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാൻ നിർബന്ധിക്കുന്നുവെന്നും എന്നും ഉദയനിധി ആരോപിച്ചു. സംഭവത്തില്‍ സിബിഐ, ഇഡി, എസ്എഫ്ഐഒ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.






