അയ്മനം : അയ്മനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മുട്ടേൽ ഭാഗത്തെ തോട്ടിൽ പോളശല്യം രൂക്ഷമായതായി പ്രദേശവാസികൾ പരാതിപ്പെട്ടു. നിരവധി ആളുകൾ കുളിക്കാനും അലക്കാനുമായി ആശ്രയിക്കുന്ന ഈ തോട്ടിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും പോളയോടൊപ്പം അടിഞ്ഞുകൂടി പാലത്തിന് സമീപം തങ്ങിനിൽക്കുന്നതാണ് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
പ്രദേശവാസികൾ വിഷയത്തിൽ വാർഡ് മെമ്പറുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ, നിലവിൽ ശുചീകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അവർ പറയുന്നു.
പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന വിഷയമായതിനാൽ അടിയന്തര ഇടപെടൽ നടത്തി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാനത്ത് മാലിന്യമുക്ത കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കി വരുന്ന സാഹചര്യത്തിൽ മുട്ടേൽ പ്രദേശത്ത് ഇത്തരമൊരു അവസ്ഥ തുടരുന്നത് നിരാശാജനകമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി മീനച്ചിലാറിന്റെ കൈവഴികളിലൂടെ വിനോദസഞ്ചാരികളുടെ ബോട്ട് സഞ്ചാരവും വർധിച്ചിരിക്കുകയാണ്. തോട്ടിലെ പോളശല്യവും മാലിന്യക്കൂമ്പാരവും വിനോദസഞ്ചാരികൾക്കും അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അയ്മനത്ത് ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും, അതിനൊപ്പം ഇത്തരം ചെറിയതെങ്കിലും പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്കും ബന്ധപ്പെട്ട അധികൃതർ അടിയന്തര ശ്രദ്ധ നൽകണമെന്നുമാണ് പ്രദേശവാസികളുടെ അഭ്യർത്ഥന.
`






