കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയില്‍ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തല്‍.
സെൻട്രല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയല്‍ സ്വദേശിനിയാണു മരിച്ചത്.
ചൊവ്വാഴ്ച രാത്രി ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ കെഎസ്ആർടിസി ബസില്‍ കയറി. അവശത മനസിലാക്കിയ ബസ് ജീവനക്കാർ ഓട്ടോയില്‍ പോകാൻ നിർദേശിക്കുകയും ഇവരെ ഓട്ടോയില്‍ കയറ്റി വിടുകയും ചെയ്തു. 70 വയസിലേറെ പ്രായമുള്ള ഡ്രൈവറാണ് ഓട്ടോ ഓടിച്ചത്. ക്ഷീണിതയായതിനാല്‍ ഇവർ ഓട്ടോയില്‍ ഇടതുവശത്തു ചാരിയിരുന്നു. യാത്രയ്ക്കിടെ വൈഡബ്ല്യുസിഎയ്ക്കു സമീപമെത്തിയപ്പോള്‍ പുറത്തേക്കു വീണു. എന്നാല്‍ ഡ്രൈവർ ഇതറിഞ്ഞില്ല.
കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ ആളെ കാണാതെ വന്നതോടെ ഭയന്ന ഡ്രൈവർ ഓട്ടം അവസാനിപ്പിച്ചു വീട്ടിലേക്കു പോയി. ഓട്ടോ ഡ്രൈവറെ പോലീസ് ഇന്നലെ കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെ നാലോടെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് സ്ത്രീ പരുക്കേറ്റ് റോഡില്‍ കിടക്കുന്നതു കണ്ടത്. ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.






