തിരുവനന്തപുരം: ബംഗാളിന് പിന്നാലെ കേരളത്തില്‍ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടില്‍ തന്നെ തൊഴിലും നല്‍കാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്.
നേരത്തെ പശ്ചിമബംഗാളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി ഇതരസംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള നീക്കം ബംഗാള്‍ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായിബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് മലയാളികള്‍ക്ക് ഇരുട്ടടിയായി ഒഡിഷയുടെ പുതിയ നീക്കം.
കേരളത്തില്‍ ബംഗാളില്‍ നിന്നുള്ളവർ കഴിഞ്ഞാല്‍ 20 ലക്ഷത്തോളം പേർ ഒഡിഷയില്‍ നിന്നാണ്. നിർമാണ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗങ്ങളില്‍ വലിയ സ്വാധീനമുള്ള ഒഡിഷ തൊഴിലാളികള്‍കൂടി കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന് വലിയ പ്രതിസന്ധിയാകുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഒഡിഷക്കാരുള്ളത്. ഏകദേശം 12 ശതമാനം പേരും ഇവിടെയാണ്. ഹോട്ടല്‍, കൃഷി, കെട്ടിടനിർമാണ വ്യാവസായിക മേഖലകള്‍ എന്നിവ പൂർണമായും അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിഥി തൊഴിലാളികള്‍ തിരികെ പോയാല്‍ അത് കേരളത്തിലെ നിർമാണ മേഖലയില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ വൻകിട പദ്ധതികള്‍ ഏറെകുറെ പൂർണമായും സ്തംഭിക്കും. നെല്‍കൃഷിയെ ഉള്‍പ്പെടെ ഇത് ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. കയർ, കശുവണ്ടി മേഖലകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. കാരണം ഈ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യാൻ ആളില്ലാതാകും. സംസ്ഥാനത്ത് ഭൂരിഭാഗം ഹോട്ടലുകളിലെയും പാചകക്കാർ, സപ്ലയർമാർ എന്നിവർ അതിഥി തൊഴിലാളികളാണ്.
കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയ ബംഗാള്‍ സ്വദേശികള്‍ തിരിച്ചെത്താൻ വൈകിയതിനെ തുടന്ന് കേരളം കടുത്ത തൊഴിലാളിക്ഷാമം നേരിട്ടിരുന്നു. തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ നിർമാണമേഖലയിലടക്കം കൂലി കുത്തനെ ഉയരുകയും സാധാരണ നിരക്കിന്റെ ഇരട്ടിയോളം കൂലി ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.
മലയാളികള്‍ കഠിനാധ്വാനം ആവശ്യമുള്ള ജോലികളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ അസാന്നിദ്ധ്യം സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയേയും സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.






