തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴില്‍ വയോധികയെ മർദിച്ചതായി പരാതി. രമേശ് ചെന്നിത്തലയുടെ പിആർ ഏജന്റും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ശാലു പേയാടിന്റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ചൊവ്വാഴ്ചയാണ് സംഭവം. മലയിൻകീഴ് തറട്ട സ്വദേശി ശാന്ത എന്ന വയോധികയാണ് പരാതിക്കാരി. മഹിളാ കോണ്‍ഗ്രസ് നേതാവും നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനിതയും ശാലു പേയാടും ചേർന്ന് ശാന്തയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് മർദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്വന്തമായി വീടില്ലാത്ത ശാന്ത മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ശാന്തയ്ക്ക് വീട് വച്ച് നല്‍കാമെന്ന് എംആർ ബൈജു എംഎല്‍എയും അനിതയും ശാലു പേയാടും ഉറപ്പ് നല്‍കിയിരുന്നു.
വീട് വച്ച് നല്‍കുന്നത് വരെ താമസസൗകര്യം നല്‍കാമെന്നും ഉറപ്പ് നല്കി.ഇതിനിടെ വയോധികയെയും പേരക്കുട്ടികളായ മൂന്ന് കുഞ്ഞുങ്ങളെയും കാണിച്ച് ശാലു പേയാട് സാമൂഹിക മാധ്യമങ്ങളിലൂടെ പണം പിരിക്കുകയും ചെയ്തു. വിഡിയോയില്‍ ഒരു അക്കൗണ്ട് നമ്പറും ഒപ്പം ട്രസ്റ്റിന്റെ ക്യുആർ കോഡും നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച വീട്ടിലെത്തിയ അനിതയും ശാലുവും ശാന്തയെ പുറത്തേക്ക് വലിച്ചിറക്കുകയും കൈവലിച്ച് ഒടിച്ച് അടിവയറ്റില്‍ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ ശാന്തയ്ക്ക് പ്രാഥമിക കാര്യങ്ങള്‍ പോലും നിർവഹിക്കാൻ സാധിക്കുന്നില്ല. നിലവില്‍ വയോധിക മണിയറവിള താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മലയിൻകീഴ് പൊലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, തുടക്കത്തില്‍ വയോധികയ്ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക പാർപ്പിടം നല്‍കിയെങ്കിലും പിന്നീട് സഹായമൊന്നും നല്‍കിയില്ലെന്നാണ് ആരോപണം. അക്കൗണ്ടില്‍ വന്ന പണം ശാലു പേയാട് ചോദിച്ച് വാങ്ങുകയും ചെയ്തു. വീട് വച്ച് നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊതുമധ്യത്തില്‍ വച്ച് അപമാനിക്കുകയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






