കണ്ണൂർ: ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തു.
കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പൊലീസ് മടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട നിർണായക ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങളും പരിശോധിക്കും.
അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണെന്ന സംശയത്തിലാണ് അന്വേഷണം.
അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആയങ്കിയുടെ മൊഴിയിൽ പരാമർശിക്കുന്ന സുഹൃത്ത് പ്രണവിനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ശക്തമാക്കി.
ഒളിവിൽ കഴിയുന്നതിനിടെ വിവിധ ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.






