കോട്ടയം: ഓണ്‍ലൈനായി വാങ്ങിയ യന്ത്രവാള്‍ കേടുവന്നതായതിനാല് തിരികെ നല്‍കിയെങ്കിലും ഓഫർ പ്രോസസിങ് ഫീ എന്ന പേരില്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാതിരുന്ന ഓണ്‍ലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ.
മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോണ്‍ പോളിന്റെ പരാതിയിലാണ് കമീഷന്റെ നടപടി. 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നല്കി യന്ത്രവാള്‍ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാള് ഉപയോഗശൂന്യമാവുകയായിരുന്നു. ഇതു തിരികെ നല്കിയപ്പോള് 9044.15 രൂപ റീഫണ്ട് ലഭിച്ചു.
എന്നാല്‍, ഓഫർ പ്രോസസിങ് ഫീയായി ഈടാക്കിയ 44.59 രൂപ കിട്ടിയില്ല. ഈ തുക ആവശ്യപ്പെട്ട് പലതവണ കമ്പനിയെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കമീഷനില്‍ പരാതി നല്‍കിയത്. ആമസോണിനെ ഒന്നും ഉല്പന്ന നിർമാതാക്കളായ ഷാർപെക്സ് എൻജിനീയറിങ് വർക്സിനെ രണ്ടും എതിർകക്ഷിയാക്കിയായിരുന്നു പരാതി. ഉല്പന്നത്തിന്റെ പണം തിരിച്ചുനല്‍കിയെന്നും വിസ ഡെബിറ്റ് കാർഡ് ഓഫർ നല്‍കിയത് ആമസോണ്‍ ആണെന്നും ഇതിന്റെ സർവിസ് ചാർജ് ഈടാക്കിയതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും രണ്ടാം കക്ഷിയായ നിർമാതാക്കള്‍ കമീഷനെ ബോധിപ്പിച്ചിരുന്നു. ഇടപാട് തന്നെ റദ്ദായിട്ടും വാങ്ങിയ തുകയിലൊരു ഭാഗം തടഞ്ഞുവെച്ചത് ന്യായമല്ലാത്ത വ്യാപാര രീതിയും സേവന ന്യൂനതയുമാണെന്ന് കമീഷൻ കണ്ടെത്തി.
44.59 രൂപ തിരിച്ചുനല്‍കുന്നതിന് പുറമേ പരാതിക്കാരന്റെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തില്‍ 3,000 രൂപയും നല്കാൻ കമീഷൻ പ്രസിഡന്റ് വി.എസ്. മനുലാല്‍, മെംബർ അഡ്വ. ആർ. ബിന്ദു എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.






