കോട്ടയം:കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള നീക്കം വിലപ്പോകില്ലെന്ന് യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ ഫില്‍സണ്‍ മാത്യൂസ്.കാലവര്‍ഷം ശക്തമായ ദിവസം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലിലൂടെയാണ്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ക്യാമ്പ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്ല്യങ്ങളും കൃത്യമായി ലഭിക്കുന്നണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം വീടുകളില്‍ ചെളിയും വെള്ളവും കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് വീട് വൃത്തിയാക്കുന്നതിനായി ഒരു റേഷന്‍ കാര്‍ഡിന് 10,000 രൂപ വീതം നല്‍കും. കൂടാതെ ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒരു റേഷന്‍ കാര്‍ഡിന് (2 മുതിര്‍ന്ന വ്യക്തികള്‍ക്ക്) പ്രതിദിനം 300 രൂപ വീതം 7 ദിവസത്തേക്ക് അടിയന്തര ധനസഹായം നല്‍കാനും ഉത്തരവുണ്ട്.
പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീട് വെക്കുന്നതിനായുള്ള തുക 10 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. വീട് പൂര്‍ണ്ണമായി തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം 4 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നിലവില്‍ അനുവദിച്ചിരുന്ന 4 ലക്ഷം രൂപയ്ക്ക് പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി അനുവദിച്ച് ആകെ 6 ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ട്.കാലവര്‍ഷക്കെടുതി നേരിടുന്നവര്‍ക്ക് മുമ്പ് നല്‍കിയിരുന്ന ആനുകൂല്ല്യങ്ങളേക്കാള് കൂടുതല്‍ സഹായം വിഡി. സതീശന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
വസ്തുത ഇതായിരിക്കേ കാലവര്ഷക്കെടുതിയില്പ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന ആക്ഷേപം രാഷ്ട്രീയ പ്രേരിതമാണെന്നും.ദുരിതം നേരിടുന്നവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുന്നത് ദുരിതബാധിതരെ അവഹേളിക്കുന്നതിന് തുല്ല്യമാണെനും ഫില്‍സണ്‍ മാത്യൂസ് ചുണ്ടിക്കാട്ടി..ഈരാറ്റുപേട്ടയില്‍ മുഖ്യമന്ത്രി എത്തിയില്ല എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൂട്ടിക്കല്‍ ദുരന്തഭൂമിക്ക് എതാനും കിലോമീറ്റര്‍ അകലെകൂടി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മുന്‍ മുഖ്യമന്ത്രി പത്തിലേറെ പേര് മരിച്ച കൂട്ടിക്കല്‍ ദുരന്തമേഖല സന്ദര്‍ശിച്ചില്ലെന്ന കാര്യം മറക്കരുതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.






