കോട്ടയം: ഒരു കിലോ റബർ വില 300ല്‍ എത്തി റെക്കാഡിട്ടെങ്കിലും ഒരാഴ്ചക്കുള്ളില്‍ 24 രൂപ കുറഞ്ഞതോടെ വില ഇനിയും ഇടിയുമെന്ന ഭീതിയിലാണ് കർഷകർ.
ആർ.എസ് എസ് ഫോർ റബർ ബോർഡു വില 276ലും വ്യാപാരി വില 268ലും എത്തി. ഇതിലും വിലകുറച്ചാണ് വ്യാപാരികള്‍ വാങ്ങുന്നത്. ടയർ വ്യവസായികള്‍ക്കു വേണ്ടി ഇടനിലക്കാർ വിപണിയില്‍ നിന്നു വിട്ടു നിന്നു വില ഇടിക്കുകയായിരുന്നു. മഴ കുറഞ്ഞതോടെ ടാപ്പിംഗ് സജീവമായതും വിലയിടിയാനുള്ള കാരണമായി. വില ഇടിഞ്ഞതോടെ ഷീറ്റു പിടിച്ചുവച്ചവരെല്ലാം ചരക്കു വില്പ്പനക്കെത്തിച്ചതോടെ ആവശ്യകതയും കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ ഇടിഞ്ഞു. ബാങ്കോക്കില്‍ 258 (രൂപയില്‍) വരെ താഴ്ന്നു. ആഭ്യന്തര വിപണിയുമായി 25ലേറെ രൂപയുടെ വ്യത്യാസം വന്നതോടെ ഇറക്കുമതി സമ്മർദ്ദവും വൻ കിട വ്യവസായികള്‍ ശക്തമാക്കി. റബർ ലഭ്യത കുറവ് ചൂണ്ടിക്കാട്ടി നികുതിയില്ലാതുള്ള ഇറക്കുമതി ആവശ്യത്തിനായി വൻകിട വ്യവസായികള്‍ കേന്ദ്രസർക്കാരിന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതു കാരണം കപ്പല്‍ ഗതാഗതം സുഗമമല്ലാതായതോടെ റബർ ഇറക്കുമതി ചെയ്യാൻ കമ്പനികള്‍ക്ക് സാധിക്കുന്നില്ല. അതിനാല്‍ വിപണിയില്‍ നിന്ന് വിട്ടുനിന്ന് ആഭ്യന്തര വില ഇടിക്കുന്ന കളി നടത്തുകയാണവർ.
വൻകിടക്കാരുടെ തന്ത്രങ്ങള്‍
15 ലക്ഷത്തോളം ടണ്‍ റബർ ആവശ്യമുള്ളിടത്ത് ഒമ്പതു ലക്ഷത്തില്‍ താഴെയാണ് ഉത്പാദനം.
ആറ് ലക്ഷം ടണ്ണിന്റെ കുറവ് കാട്ടി ഇറക്കുമതിയാണ് വൻകിടക്കാർ ലക്ഷ്യമിടുന്നത്.
വിദേശ റബർ വില ഇടിഞ്ഞത് നേട്ടമാക്കി ഇറക്കുമതിയിലൂടെ കൂടുതല്‍ സ്റ്റോക്കു ചെയ്യാനാണ് ശ്രമമെങ്കിലും ഇറക്കുമതി നികുതി രഹിതമാക്കിയെങ്കിലേ കൂടുതല്‍ ലാഭം കിട്ടൂ എന്നതിനാലാണ് നികുതി ഇളവിനായി സമ്മർദ്ദം നടത്തുന്നത്.
താങ്ങുവില വകമാറ്റുന്നു
കിലോയ്ക്ക് 250 രൂപയാണ് സംസ്ഥാന സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. വിപണി വില ഉയർന്നു നില്ക്കുന്നതിനാല് താങ്ങുവിലയുടെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല. ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയ കോടികള്‍ സർക്കാർ വക മാറ്റി ചെലവഴിക്കുകയാണ്.
റബർ വില റെക്കാഡിട്ട ശേഷം നിലം പൊത്തിയതോടെ വ്യാപാരിവിലയായ 268ലും താഴ്ത്തിയാണ് കർഷകർക്ക് ലഭിക്കുന്നത്. ഈ നില തുടർന്നാല്‍ സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 250ലും താഴാം.
ടയർലോബിയുടെ വില ഇടിക്കല് തന്ത്രത്തിനു മുന്നില്‍ കേന്ദ്രസർക്കാരും റബർ ബോർഡും കാഴ്ചക്കാരെപ്പോലെ നില്‍ക്കുകയാണ്.





