ആശ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വശി. താരത്തിന്റെ കരിയറില്‍ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രത്തെ കിറുകൃത്യമായി തികഞ്ഞ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് അവര്‍. ഒട്ടേറെ അടരുകളിലൂടെ മെനഞ്ഞിരിക്കുന്ന 'ആശ' എന്ന സിനിമയിലെ ഈ കഥാപാത്രം ഉര്‍വശിയുടെ അഭിനയ ജീവിതത്തില്‍ തന്നെ ഒരു പൊന്‍തൂവലാണ്.
ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായി പോയ അവര്‍ പറക്കമുറ്റാത്ത രണ്ടു പെണ്മക്കളെ പോറ്റി വളര്‍ത്തി വലുതാക്കി. ഭര്‍ത്താവില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും മാനസികാഘാതം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി, അതിജീവിച്ച് അവര്‍ മുന്നോട്ടുവന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് ആര്‍ജ്ജിച്ചു. പക്ഷേ ഒരു രാത്രിയില്‍ നടന്ന ഒരു സംഭവം അവരുടെ ജീവിതം തന്നെ കീഴ്മേല്‍ മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഭാവാഭിനയത്തിന്റെ ഒരു സര്‍വ്വകലാശാല തന്നെയെന്ന് തോന്നിപ്പിക്കുന്ന അസാധാരണ അഭിനയ പാടവമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മാനസികനില തെറ്റിയെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ വിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേര്‍ത്തു പിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളില്‍ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നില്ക്കുന്നൊരു കഥാപാത്രമായും ഏറെ ആഴത്തോടെയാണ് ഉര്‍വശി ആശയെ സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്.
നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തില്‍ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാര്‍ക്ക് സസ്പെന്‍സ് ത്രില്ലറാണ്. ഉര്‍വശിക്ക് പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന് തുടങ്ങിയവരും അസാധ്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്.






