കോട്ടയം: പോലീസിലെ അഴിച്ചുപണിയുടെ ഭാഗമായി ജില്ലയില്‍ 18 സിഐമാരെ നിയമിച്ചെങ്കിലും സിഐ ഓഫീസുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ല.
സ്വാതന്ത്ര്യദിനം മുതല്‍ പോലീസ് സ്റ്റേഷനുകളുടെ ഭരണചുമതല എസ്ഐമാര്‍ക്കാണ്. കേസുകളുടെ എണ്ണം കൂടുതലും ക്രമസമാധാന പ്രശ്നങ്ങളുമുള്ള സ്റ്റേഷനുകളുടെ ചുമതല മാത്രമാണ് സിഐമാര്‍ക്കു നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, കുമരകം, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, വാകത്താനം, തൃക്കൊടിത്താനം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, പാലാ, രാമപുരം, ഈരാറ്റുപേട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങളിലാണ് സിഐമാരെ നിയമിച്ചത്.
കോട്ടയം വെസ്റ്റ് ജില്ലാ ആസ്ഥാനമായതിനാലും കുമരകം ടൂറിസം കേന്ദ്രമായതിനാലും ഗാന്ധിനഗറില്‍ മെഡിക്കല്‍ കോളജ്, എംജി യൂണിവേഴ്സിറ്റി എന്നിവയുള്ളതിനാലും ഈ സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്കാണ്. കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂര്‍, ചങ്ങനാശേരി, വാകത്താനം, തൃക്കൊടിത്താനം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, പാലാ, ഈരാറ്റുപേട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങളിലെ സിഐമാര്ക്കെല്ലാം രണ്ടു സ്റ്റേഷനുകളുടെ ചുമതലയുണ്ട്.
രാമപുരം സിഐ മാത്രം രാമപുരം, മേലുകാവ്, മരങ്ങാട്ടുപിള്ളി എന്നിങ്ങനെ മൂന്നു സ്റ്റേഷനുകളുടെ ചുമതല വഹിക്കണം. ജില്ലയില്‍ സ്റ്റേഷന് ചുമതല വഹിക്കുന്ന സിഐമാര്‍ക്ക് പ്രത്യേക ഓഫീസും സജ്ജീകരണങ്ങളും ഒരുക്കേണ്ടതില്ല. അതേസമയം പുതുതായി ആരംഭിക്കുന്ന 15 സിഐമാര്ക്കായി ഓഫീസ് മുറികള്‍, കസേരകള്‍, കംപ്യൂട്ടറുകള്‍, വാഹനങ്ങള്‍, സിഐമാരുടെ കീഴില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ചില സ്ഥലങ്ങളില്‍ പഴയ കെട്ടിടങ്ങള്‍ സിഐ ഓഫീസുകളായി കണ്ടെത്തിയിട്ടുണ്ടെങ്കിലും കസേരകള്‍ പോലും എത്തിച്ചിട്ടില്ല.
മുന്‍കാലങ്ങളില്‍ പല സഥലങ്ങളിലും സിഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും എസ്എച്ച്ഒ സംവിധാനം ഏര്‍പ്പെടുത്തിയതോടെ പല ഓഫീസുകളും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇനി പഴയ രീതിയിലേക്ക് എത്തിക്കുക ബുദ്ധിമുട്ടാണ്.
പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിഐയ്ക്കായി ഓഫീസ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. നിലവില്‍ ഇവിടെ പുതിയ സിഐയ്ക്ക് ഇരിക്കാന്‍ മുറിയും കസേരയുമില്ല. ഇതോടെ ഡിവൈഎസ്പി ഓഫീസിലാണ് താത്കാലികമായി സിഐ ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിനു പോലീസ് ഉദ്യോഗസ്ഥരില്ലെന്ന പരാതിയുമുണ്ട്. സിഐ ഓഫീസുകളിലേക്കുകൂടി പോലീസുകാരെ നിയമിക്കുമ്പോള്‍ സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. കഴിഞ്ഞ 14നു സിഐമാരെ നിയമിച്ച് ഉത്തരവായെങ്കിലും പല ഉദ്യോഗസ്ഥരും മറ്റു ജില്ലകളിലും വിജിലന്‍സ്, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളിലും ജോലി ചെയ്യുന്നവരാണ്.






