കാസർകോട്: മോഷണംനടന്ന വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ്നായ ഓടിയെത്തിയ സ്ഥലത്തിനു സമീപത്തെ വീട്ടിലെ ആള് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കി.
പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണനെയാണ് (58) വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയാണ്.
പനയാല്‍ പെരിയാട്ടടുക്കം നീരാറ്റിയില് ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. മോഷണംനടന്ന വീട്ടില്‍നിന്ന് 200 മീറ്റർ മാറിയാണ് ഇയാളുടെ വീട്. പ്രഭാതസവാരിക്കു പോയസമയത്ത് വീട്ടില്‍നിന്ന് 2 പവന്റെ വളയും 3 പവന്റെ ബ്രേസ്ലറ്റും 3,000 രൂപയും കവർന്നെന്ന് കാണിച്ചേ ധന്യയെന്ന ഗൃഹനാഥയാണ് പരാതി നല്‍കിയത്. മകള്‍ മുകള്‍നിലയില്‍ ഉറങ്ങുന്നതിനാല്‍ വീടുപൂട്ടി താക്കോല്‍ വൈദ്യുതിമീറ്റർ ബോക്സില്‍ വച്ചു. ഇതിനിടെ താക്കോലെടുത്ത് വീടുതുറന്ന് കവർച്ച നടത്തിയശേഷം താക്കോല്‍ തിരികെ മീറ്റർ ബോക്സില്‍ത്തന്നെ വച്ചതാണെന്നു കരുതുന്നു. തിരികെയെത്തിയ ധന്യ മോഷണം നടന്നതായി മനസിലാക്കി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് പൊലീസ് നായ ബാലകൃഷ്ണന്റെ വീടിനടുത്തുവരെ മണംപിടിച്ചെത്തി. തുടർന്ന് ഇയാളോടും പരിസരത്തുള്ള മറ്റ് വീട്ടുകാരോടും ചോദ്യം ചെയ്യലിന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. പൊലീസ് സംഘം മോഷണം നടന്ന വീട്ടില്‍ തിരികെ എത്തിയതിനു പിന്നാലെ ബാലകൃഷ്ണനെ തൂങ്ങിയനിലയില്‍ കണ്ടതായി മകൻ വിളിച്ചറിയിക്കുകയായിരുന്നു.
പൊലീസെത്തി ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാസർകോട്ടെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ എ.രാധ. മകൻ അൻഷിത്.





