കോട്ടയം: പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. പച്ചക്കറി, മീൻ, മാംസം, പലവ്യഞ്ജനങ്ങൾ തുടങ്ങി മിക്ക അവശ്യവസ്തുക്കൾക്കും വിപണിയിൽ ഉയർന്ന വിലയാണ് ഈടാക്കുന്നത്. തുടർച്ചയായ വിലക്കയറ്റം കുടുംബങ്ങളുടെ ദൈനംദിന ചെലവ് ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്.
ഒരു മാസം മുൻപേ ഇഞ്ചിക്കും വെളുത്തുള്ളിക്കും വില കുത്തനെ ഉയർന്നിരുന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധിച്ചതിനെ തുടർന്ന് ഹോട്ടൽ ഭക്ഷണത്തിനും നേരത്തെ വില കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം അനുഭവപ്പെടുന്നത്.
കോട്ടയം മാർക്കറ്റിൽ സവാളയ്ക്ക് കിലോഗ്രാമിന് 35 രൂപയാണ് വില. ഇഞ്ചിയും വെളുത്തുള്ളിയും കിലോഗ്രാമിന് 250 രൂപയിലും ഉള്ളി 80 രൂപ വരെയുമാണ് വിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോവയ്ക്ക, തക്കാളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്.
ബീറ്റ്റൂട്ടിന് കോട്ടയം മാർക്കറ്റിൽ കിലോഗ്രാമിന് 48 മുതൽ 60 രൂപ വരെയാണ് റീട്ടെയിൽ വില. നിലവിലെ വിലക്കയറ്റത്തിന് പുറമെ ഓണക്കാലത്തെ പതിവ് വിലവർധനയും ഉണ്ടായാൽ സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത ഇനിയും വർധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.






