കോട്ടയം: അരനൂറ്റാണ്ട് പ്രായമായെങ്കിലും ജില്ലയിലെ ആദ്യ എം.എല്‍.എ. റോഡെന്ന് പേരുള്ള വട്ടിത്തറ-മറ്റം-കിടങ്ങൂര്‍ റോഡ് ഇന്നും അവഗണനയില്‍ തന്നെ.പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒട്ടേറെ വെല്ലുവിളികളെ അവഗണിച്ചാണ് അയര്‍ക്കുന്നം ആറുമാനൂര്‍ പുളിഞ്ചോട് കവല മുതല്‍ കിടങ്ങൂര്‍ കുരിശുപള്ളി വരെയുള്ള 4 കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമാകുന്നത്.
പിന്നീട്, റോഡ് തകര്‍ച്ചയെ നേരിട്ടപ്പോള്‍ എം.എല്‍.എയായിരുന്ന ഉമ്മന്‍ചാണ്ടിയെ കാണുകയും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി എം.എല്‍.എ. റോഡ് ആയി പ്രഖ്യാപിച്ചു പൊതുമരാമത്ത് റോഡായി ഉയര്‍ത്തി. പിന്നീട്, ഫണ്ട് കുറവു കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പുന്നത്തറ പ്രദേശത്ത് പ്രാദേശിക ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരം നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴും അവഗണിക്കപ്പെട്ടു കിടക്കുന്ന എട്ടുമീറ്ററിലധികം വീതിയുള്ള ഈ പ്രധാനപാതയെ ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.
അയര്‍ക്കുന്നം ടൗണിലോ മറ്റ് പ്രധാന റോഡുകളിലോ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ ഫലപ്രദമായ ബദല്‍ റോഡായി ഉപയോഗിക്കാന്‍ കഴിയുന്ന പാതയാണിത്. തിരുവഞ്ചൂര്‍, ആറുമാനൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അയര്‍ക്കുന്നത്ത് എത്താതെ തന്നെ ഏറ്റുമാനൂര്‍-പാലാ റോഡിലെ കിടങ്ങൂരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും റോഡ് സഹായകരമാണ്.
കമ്പനിക്കടവ് പാലം പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ റോഡിന്റെ പ്രാധാന്യംപതിന്മടങ്ങ് വര്‍ധിക്കും. സ്കൂളുകള്‍, ദേവാലയങ്ങള്‍, കോണ്‍വെന്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ പാത ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ആശ്രയിക്കുന്നത്.
റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താത്തതു കാരണം കാലാകാലങ്ങളില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി താത്കാലിക അറ്റകുറ്റപ്പണികളും പാച്ച് വര്‍ക്കുകളും മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്.
റോഡിനെ തകര്‍ച്ചയില്‍ നിന്നു മോചിപ്പിക്കാന്‍ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന പൊതുവികാരം.





