കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 165 കവിഞ്ഞു. 142 ഇന്ത്യക്കാരടക്കം 403 വിനോദ സഞ്ചാരികളെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ചും വിവരമില്ല. ഇഷ ഫൗണ്ടേഷന് വഴി പോയ 77 പേരും കാണാമറയത്താണ്. കേരളത്തില്‍ നിന്ന് പുറപ്പെട്ട 36 അംഗം സംഘം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. കാണാതായ വിദേശികളില്‍ 142 ഇന്ത്യക്കാരും, കൂടാതെ ആസ്ത്രേലിയ, ബ്രിട്ടന്, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് ടൂറിസം ബോര്‍ഡ് അറിയിച്ചു
കൂടുതല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് അധികൃതര്‍. ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളില്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.
ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപ്രതീക്ഷിതമായി വന്‍ ജലപ്രവാഹമുണ്ടായത്. ടിബറ്റന്‍ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടര്‍ന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ് പല ഉള്‍നാടന്‍ ഗ്രാമങ്ങളും.
12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാന്സ്മിഷന് ലൈനുകളും തകരാറിലായിരിക്കുകയാണ്. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലേക്കും റോഡ് മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വ്യോമസേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ഇന്ത്യയുടെ ചില ഭഗങ്ങളും അപകട ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രതയിലാണ്. ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 86000 പേരെ ഒഴുപ്പിച്ചിട്ടുണ്ട്.






