തിരുവനന്തപുരം: തോല്‍വിയുടെ ഭാരം ജനങ്ങളുടെ തലയില്‍ വെച്ച് തടിയൂരാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ നീക്കങ്ങള്‍ക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ശക്തമാകുന്നു.
ഈ നീക്കത്തിൻെറ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ജനങ്ങളുടെ ഷോക്ക് ട്രീറ്റ് മെൻറാണെന്ന് പറഞ്ഞുകൊണ്ടുളള മുൻ ധനമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്കിൻെറ രംഗപ്രവേശം.ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ ആശിർവാദത്തോടെ തോമസ് ഐസക്കും പി.രാജീവ് തുടങ്ങിയവരാണ് തിരുത്തല്‍ നടപടികളോട് മുഖം തിരിഞ്ഞ് നില്ക്കുന്ന പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ച് പടപ്പുറപ്പാടിന് തയാറായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം ജനങ്ങളാണെന്നും, എതിർത്ത് വോട്ട് ചെയ്തവർ പിന്നീട് ഖേദിക്കേണ്ടി വരുമെന്നുമുള്ള പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നിരന്തര വിശദീകരണങ്ങളാണ് എതിർ നീക്കത്തിന് ഇന്ധനമായിരിക്കുന്നത്.
എല്‍ഡിഎഫിന് നേരിടേണ്ടി വന്ന നാണംകെട്ട തോല്‍വി ജനങ്ങള്‍ നല്കിയ 'ഷോക്ക് ട്രീറ്റ്മെന്റാണെന്നും'പത്ത് കൊല്ലം അധികാരത്തിലിരുന്നപ്പോള്‍ പാർട്ടിക്കുണ്ടായ അഹങ്കാരത്തിനുള്ള തിരിച്ചടി ആണെന്നുമുളള ഐസക്കിൻെറ തുറന്ന് പറച്ചില് പിണറായിക്കുളള തിരുത്താണ്.
"സ്ഥാനാർത്ഥി നിർണയത്തില്‍ ജനവികാരം മാനിച്ചില്ല. സഹകരണ ബാങ്കുകളിലെ അഴിമതികള്‍ ജനങ്ങളില്‍ വലിയ അതൃപ്തിയുണ്ടാക്കി. സിപിഎം - ബിജെപി ഡീല്‍ ആരോപണത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു നമ്മുടെ ചില നേതാക്കളുടെ വർത്തമാനങ്ങളും പ്രചാരണങ്ങളും. ജനങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്തു" തോമസ് ഐസക് വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും തളിപ്പറമ്പിലുമായി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗങ്ങളില്‍ പിണറായി നടത്തിയ പ്രതികരണങ്ങളെയാണ് ഐസക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.പഴയ വി.എസ് - പിണറായി വിഭാഗീയത കാലത്തേതിന് സമാനമായ നീക്കങ്ങള്‍ക്കാണ് സിപിഎം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.അന്ന് സർവ ശക്തനായി പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി വിജയൻ ഇപ്പോള്‍ അദ്ദേഹത്തിൻെറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഒരു കാലത്ത് പാർട്ടിയെ അടക്കിവാണ പിണറായി ഏറ്റവും അപമാനിതനായി പടിയിറങ്ങേണ്ടി വരുമെന്ന സൂചനയാണ് പാർട്ടി സംഘടനയിലെ പുതിയ ചേരിതിരിവ് നല്കുന്ന സൂചന. തോല്‍വിയുടെ പൂർണ ഉത്തരവാദിത്തം ജനങ്ങള്‍ക്കും പാർട്ടിയിലെ വിമതർക്കും മേല്‍ അടിച്ചേല്‍പ്പിച്ച് രാഷ്ട്രീയ രക്ഷപ്പെടലിന് ശ്രമിക്കുന്ന പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും കനത്ത പ്രഹരമാണ് ഐസക്കിന്റെ പ്രതികരണം.
പരാജയ കാരണം ആത്മപരിശോധന നടത്തുന്നതിന് പകരം, തോല്‍വിക്ക് കാരണം ജനങ്ങളുടെ തെറ്റായ തീരുമാനമാണെന്ന വിചിത്ര വാദമാണ് പിണറായി ആവർത്തിച്ചിരുന്നത്. എന്നാല്‍, ജനങ്ങളല്ല തെറ്റുകാരെന്നും തിരുത്തേണ്ടത് പാർട്ടിയും നേതാക്കളുമാണെന്നും വ്യക്തമാക്കുന്നതിലൂടെ പിണറായിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ പടയൊരുക്കത്തിന്റെ തെളിവാണ് പാർട്ടിക്കുള്ളില്‍ രൂപപ്പെടുന്നത്.
തോല്‍വിയുടെ പാപഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാൻ പിണറായി വിജയൻ ശ്രമിക്കുമ്പോള്‍ പരാജയത്തിൻെറ കാരണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് ഡോ.ടി.എം.തോമസ് ഐസക് ചെയ്യുന്നത്.സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം പിണറായിക്ക് ഒപ്പം നിന്ന തോമസ് ഐസക് ഇപ്പോള്‍ നേരിട്ട് എതിർക്കാനിറങ്ങുന്നത് വെറുതയെല്ലെന്ന് വ്യക്തമാണ്.ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി നേരിട്ടിട്ടും ന്യായീകരിച്ച് മെഴുകുന്ന പിണറായി പാർട്ടിക്ക് മേല്‍ ചാഞ്ഞമരമാണെന്ന തിരിച്ചറിവിലാണ്,കേന്ദ്ര നേതൃത്വത്തിൻെറ ആശിർവാദത്തോടെ തോമസ് ഐസക് അരയും തലയും മുറുക്കി യുദ്ധത്തിനിറങ്ങുന്നത് തുടർച്ചയായി പത്ത് വർഷം ഭരിച്ചപ്പോള്‍ 'പാർട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാൻ' എന്ന അഹങ്കാര മനോഭാവം നേതാക്കളില്‍ വളർന്നു. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളും അഴിമതിയും സാധാരണക്കാരായ വോട്ടർമാരെ പാർട്ടിയില്‍ നിന്ന് അകറ്റി. സ്ഥാനാർത്ഥി നിർണയത്തില്‍ കാര്യമായ പാളിച്ച സംഭവിച്ചു.
പ്രാദേശിക ജനവികാരം പൂർണമായി തള്ളിക്കളഞ്ഞാണ് സ്ഥാനാർത്ഥികളെ അടിച്ചേല്‍പ്പിച്ചത്.സിപിഎം - ബിജെപി ഡീല്‍ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നേതാക്കളുടെ ചില പ്രസ്താവനകള്‍ ജനങ്ങളില്‍ ഈ സംശയം ബലപ്പെടുത്താൻ ഇടയാക്കി തുടങ്ങിയവയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളായി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.ഇതാകട്ടെ പിണറായി വിജയൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങള്‍ക്ക് നേരെ കടകവിരുദ്ധമാണ്.
കോഴിക്കോട് വച്ച് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി, തോല്‍വിയില്‍ തങ്ങളുടെ പങ്ക് മറച്ചുവെക്കാൻ ഔദ്യോഗിക നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മുതിർന്ന നേതാക്കള്‍ ഒന്നിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഐസക്കിന്റെ ഈ പ്രതികരണം. കേന്ദ്ര കമ്മിറ്റി അംഗം തന്നെ പരസ്യമായി രൂക്ഷവിമർശനം ഉന്നയിച്ചതോടെ സിപിഎം നേതൃത്വം പൂർണമായും പ്രതിരോധത്തിലായിരിക്കുകയാണ്






