ഏറ്റുമാനൂര്‍: നഗരത്തിലെ പ്രവര്‍ത്തന രഹിതമായ 42 നിരീക്ഷണ കാമറകളും പ്രവര്‍ത്തന ക്ഷമമാക്കി. പോലീസ്, എക്സൈസ് വകുപ്പുകളുടെ പ്രത്യേക നിര്‍ദേശപ്രകാരം നഗരസഭ ചെയര്മാന് ടോമി പുളിമാന്തുണ്ടം സ്വന്തംനിലയില്‍ പണം ചെലവഴിച്ചാണ് കാമറകള്‍ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കിയത്.
മുന്‍ മന്ത്രി വി.എന്‍ വാസവന്റെ വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവാക്കിയാണ് 46 കാമറകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. കെല്‍ട്രോണാണു കാമറകള്‍ സ്ഥപിച്ചത്. ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ക്യത്യമായ അറ്റകുറ്റപണികള്‍ നടത്താതിരുന്നതിനാല്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാതായി. കരാര്‍ അവസാനിച്ചതോടെ കമ്പനിയും പിന്മാറി. കുറ്റക്യത്യങ്ങള്‍ തടയുക, മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തുക തുടങ്ങിയ ഉദേശ്യത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്.
പേരൂര്‍ക്കവല, പ്രൈവറ്റ് സ്റ്റാന്‍ഡ്, ക്ഷേത്രപരിസരം, കോവില്‍പ്പാടം റോഡ്, കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, ക്ഷത്രത്തിന്റെ അലങ്കാര ഗോപുരങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഒന്നാം നിലയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന മുറിയില്‍ നിരീക്ഷണ കാമറയിലെ ദ്യശ്യങ്ങള്‍ പരിശോധിക്കാനാകും.





