കായംകുളം: ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.
കീരിക്കാട് വില്ലേജില്‍ കീരിക്കാട് തെക്ക് മുറിയില്‍ ആലുംമൂട്ടില്‍ പുതുവല്‍ വീട്ടില്‍ അമൃതയെയാണ് (22) കായംകുളം പൊലീസ് പിടികൂടിയത്. 'കൃഷ്ണ ഹോം നഴ്സിങ്' എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലൂടെ ഹോം നഴ്സായി ജോലി ചെയ്താല്‍ പ്രതിമാസം 15,000 മുതല്‍ 30,000 രൂപ വരെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വിവിധ വീടുകളില്‍ ജോലിക്ക് നിയോഗിച്ചിരുന്നത്. തുടർന്ന് ഇവർക്ക് നല്‍കേണ്ട ശമ്പളം വീട്ടുകാരില്‍നിന്ന് കൈപ്പറ്റിയശേഷം ജോലി ചെയ്ത സ്ത്രീകള്‍ക്ക് നല്‍കാതെ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ രീതി.
ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കായംകുളം എസ്.ഐ. സജിത് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.





