കോട്ടയം: ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ദേവീമന്ത്രങ്ങളുടെ മധ്യേ, കുമാരനല്ലൂരില്‍ ഉത്സവ കൊടിയേറ്റം.
നാടിന്റെ നാനാവഴികളില്‍ നിന്നായി മണിക്കൂറുകള്‍ക്കു മുമ്പേ ക്ഷേത്രത്തിലേക്കു വിശ്വാസികള്‍ എത്തിയിരുന്നു. ഇനിയുടെ പത്തുനാളുകള്‍ കുമാരനല്ലൂര്‍ ഉത്സവ ഗ്രാമമായി മാറും. ദേശവഴികളില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്കൊപ്പം കുമാരനല്ലൂരില്‍ നിന്നു ലോകത്തിന്റെ നാനാദിക്കിലേക്കു കുടിയേറിയവരും ഉത്സവദിവങ്ങളില് ദേവിയ്ക്കു മുന്നില്‍ പ്രാര്ഥിയ്ക്കാനെത്തും.
ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കടിയക്കോല്‍ ശ്രീഹരി നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എസ്. സുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഥകളി നടന് ചമ്പക്കര വിജയകുമാറിനു കാര്‍ത്യായനീ പുരസ്കാരം സമര്‍പ്പിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതസംവിധായകന് ശരത് നിര്‍വഹിച്ചു.. സിനിമാ താരം മീനാക്ഷി അനൂപ് മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്നു ശരത്തിന്റെ സംഗീതക്കച്ചേരിയുമുണ്ടായിരുന്നു.
ഇന്നു മുതല്‍ എട്ടാം ഉത്സവം വരെ രാവിലെ 5:45-ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും എട്ടിന് തിരിച്ചെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 17, 19, 23 തീയതികളില്‍ രാവിലെ 11:30-ന് ഉത്സവബലി ദര്‍ശനം നടക്കും. 24-ന് വെളുപ്പിന് 3 മുതലാണ് തൃക്കാര്‍ത്തിക ദര്‍ശനം, വൈകിട്ട് 5:45-ന് തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.25-ന് ഉച്ചയ്ക്ക് 12:30-ന് ആറാട്ട് ബലിയും തുടര്‍ന്നു നട്ടാശേരി ഇടത്തില്‍ മണപ്പുറം ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും നടക്കും.





