കോട്ടയം: മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂർത്തിയായ കുമരകം കോണത്താറ്റ് പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണ് അപകടാവസ്ഥയിലേക്ക്.
റോഡ് ഇടിഞ്ഞു താണത് ശ്രദ്ധിക്കാതെ വരുന്ന ബൈക്ക് യാത്രക്കാർ തെറിച്ചു പോകുന്ന നിലയിലേക്ക് അപകടാവസ്ഥ അതിഗുരുതരമായി.
29.49 കോടി മുടക്കി പണിതിട്ടും പാലം അപകടാവസ്ഥയില്‍ ആയതില്‍ അഴിമതി ഉണ്ടെന്നു ആരോപണം.
പാലം നിർമാണം മൂന്നര വർഷം നീണ്ടു പോവുകയും ഇതുമൂലം ജനം വലിയ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്നു. സ്ത്രീകളാണ് ഇതില്‍ ഏറെ ദുരിതം അനുഭവിച്ചത്.
മുന്നൂറു രൂപ ദിവസകൂലിക്ക് കോട്ടയത്ത് വന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ പാലം നിർമാണം വൈകിയതോടെ ദിവസേന 120 രുപ യാത്രാ ചെലവിനായി മാത്രം മാറ്റിവെക്കേണ്ടി വന്നു.
സമയത്ത് ഒരികലും ജോലിസ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല.
മടങ്ങി വീട്ടിലേക്ക് എത്തുമ്പോഴും വൈകും. രാത്രി പത്തിന് പോലും സ്ത്രീകള്‍ വീട്ടില്‍ എത്തിയ സമയം ഉണ്ടായിരുന്നു.
ഒടുവില്‍ പാലം പണി തീർന്നു ഉദ്ഘാടനം കഴിഞ്ഞിട്ടും ജനത്തിൻ്റെ ദുരിതം തീർന്നിട്ടില്ല.
പാലത്തിന്റെ പടിഞ്ഞാറേക്കരയില്‍ മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാതെ പരിസരപ്രദേശങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നു.
ഇതിനിടെയാണ് പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നത്. കാറുകളുടെ അടിഭാഗം റോഡിൻ ഇടിക്കുന്നത് പതിവാണ്.
ബൈക്ക് യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
മറുവശത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉണ്ടാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
അപ്രോച്ച് റോഡ് ഇരുന്നതോടെ കല്‍ക്കെട്ടുകളിലും വലിയ വിള്ളല്‍ വീണിട്ടുണ്ട്






