കാസർകോട്: 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 25കാരിയായ സ്നേഹ മെർലിനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ നേരത്തേ മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിലെ കേസ് ഉൾപ്പെടെ നാലാമത്തെ പോക്സോ കേസിലാണ് ഇവർ ഇപ്പോൾ പ്രതിയായിരിക്കുന്നത്.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ മെർലിൻ ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ കാലയളവിൽ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. അമ്മ വീട്ടിലുണ്ടായിരുന്ന സമയങ്ങളിലും പീഡനം നടന്നതായി പരാതിയിൽ പറയുന്നു.
ലഹരി വിൽപ്പന കേസിൽ പ്രതിയായിരുന്ന പെൺകുട്ടിയുടെ അമ്മയുമായി സ്നേഹ മെർലിൻ ജയിലിൽവെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അധികൃതരോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
2025 മാർച്ചിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു. സ്കൂൾ വിദ്യാർഥിനിയുടെ കൈവശം അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലൂടെയാണ് ആ സംഭവം പുറത്തുവന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ച ശേഷമാണ് പീഡനം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ, അതേ പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയും ഉയർന്നിരുന്നു. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ നടപടിയെടുത്തിരുന്നു.






