കോട്ടയം:
മഹാത്മാഗാന്ധി സർവ്വകലാശാല ക്യാമ്പസിനുള്ളിൽ വാർത്തകൾ നൽകുന്നതിനായി എത്തുന്ന മാധ്യമങ്ങൾക്ക് വി.സിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും സർവ്വകലാശാലയെ കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. നിരന്തരം സംഘപരിവാർ അജണ്ടകൾ സർവകലാശാലയിൽ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വൈസ് ചാൻസലറാണ് ഇപ്പോൾ ഈ മാധ്യമ വിലക്കും കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്തുടനീളം മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും അവരുടെ വായ്മൂടിക്കെട്ടുകയും ചെയ്യുന്ന സംഘപരിവാർ നയങ്ങളുടെ നേർപ്പകർപ്പാണ് എം.ജി സർവ്വകലാശാലയിലും വി.സി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ അജണ്ടകൾ സർവകലാശാലയിൽ നടപ്പിലാക്കുമ്പോൾ അത് പൊതുസമൂഹം അറിയാതിരിക്കാനും സർവകലാശാലയുടെ സുതാര്യത ഇല്ലാതാക്കാനുമാണ് ഇത്തരമൊരു മാധ്യമ നിയന്ത്രണം വി.സി ഏർപ്പെടുത്തിയിട്ടുള്ളത്.
നവംബർ 13-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ക്യാമ്പസിൽ പ്രവേശിക്കുന്നതിന് മാധ്യമപ്രവർത്തകർ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റമാണ്. സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ജനാധിപത്യവിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ ഇടപെടലുകൾ നടത്തുന്ന വൈസ് ചാൻസലറുടെ നടപടികളെ തുറന്നുകാട്ടുന്നതിൽ വലിയ പങ്കാണ് മാധ്യമങ്ങൾ വഹിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ സർവകലാശാല ക്യാമ്പസിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് എല്ലാവർഷവും സംഘടിപ്പിക്കുന്ന വി സി ഹാരിസ് അനുസ്മരണത്തിന്റെ ഭാഗമായുള്ള വൈജ്ഞാനിക സദസിന്റെ ഫണ്ട് തടഞ്ഞ ഏകാധിപത്യപരമായ നടപടിയെയും മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു. ഇതിനെല്ലാം പിറകെയാണ് മാധ്യമങ്ങളെ വിലക്കിയുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. സർവ്വകലാശാലകൾ സ്വതന്ത്രമായ ആശയവിനിമയങ്ങളുടെയും സംവാദങ്ങളുടെയും തുറന്ന ഇടമാകേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ ശബ്ദവും ജനാധിപത്യപരമായ ഇടപെടലുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന വി.സിയുടെ ഈ സ്വേച്ഛാധിപത്യ നീക്കം വിദ്യാർത്ഥി സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല.
മാധ്യമങ്ങളെ വിലക്കിക്കൊണ്ട് സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള വി.സിയുടെ നീക്കം അവസാനിപ്പിക്കണമെന്നും , ഈ ജനാധിപത്യവിരുദ്ധ ഉത്തരവ് ഉടനടി പിൻവലിക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മാധ്യമവേട്ടയ്ക്കെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് സർവകലാശാല സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് എസ്.എഫ്.ഐ എം ജി സർവകലാശാല സബ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.





