കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ കടമുറികൾ പൂർത്തിയായിട്ടും വ്യാപാരം ആരംഭിക്കാനാകാതെ വ്യാപാരികൾ പ്രതിസന്ധിയിൽ. നാലുവർഷമായി വ്യാപാരം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, ഓണത്തിന് മുമ്പെങ്കിലും കടകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. എന്നാൽ അനുമതി വൈകുന്നതോടെ ആ പ്രതീക്ഷയും മങ്ങുകയാണ്.
2025 ജൂൺ 17നാണ് ബസ് സ്റ്റാൻഡിൽനിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് താൽക്കാലിക കടമുറികൾ നിർമ്മിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതുവരെ കോടതി ഉത്തരവ് കൗൺസിലിൽ അവതരിപ്പിച്ചില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.
തുടർന്ന് സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിട നിർമ്മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ നിർമ്മിക്കാൻ അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കുകയും കടമുറികൾ പകുതിയോളം പൂർത്തിയാകുകയും ചെയ്തു.
എന്നാൽ പിന്നീട് നഗരസഭയിൽനിന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ചതായി വ്യാപാരികൾ പറയുന്നു. കെട്ടിട നിർമ്മാണ വിഭാഗം അംഗീകരിച്ച പ്ലാൻ പ്രകാരം നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ചെയർപേഴ്സന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റിയെന്നും, പിന്നീട് ചെയർപേഴ്സന്റെ നിർദേശപ്രകാരം ആ ഭാഗം വീണ്ടും നിർമ്മിക്കേണ്ടിവന്നെന്നും വ്യാപാരികൾ ആരോപിക്കുന്നു.
36 വ്യാപാരികളും ഒരു ലക്ഷത്തിലധികം രൂപ വീതം ചെലവഴിച്ചാണ് കടമുറികൾ പൂർത്തിയാക്കിയതെന്നും വ്യാപാരികൾ പറയുന്നു. ഒരുവർഷത്തേക്കാണ് ജനുവരിയിൽ കടമുറികൾ അനുവദിച്ചത്. എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും കടകൾ തുറക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് പരാതി. ഓരോ വ്യാപാരിക്കും ഏത് കടമുറി നൽകണം, കടമുറികളുടെ നമ്പർ, വാടക എന്നിവ നഗരസഭ തീരുമാനിച്ചശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നാണ് ചെയർപേഴ്സന്റെ നിർദേശമെന്നാണ് വ്യാപാരികളുടെ ആരോപണം.
തിരുനക്കരയിലെ ഉത്സവവും സ്കൂൾ തുറക്കലും കഴിഞ്ഞു. ഇനി ഓണത്തിന് മുമ്പെങ്കിലും കടകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നിർമാണത്തിനായി കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വായ്പ നൽകിയവർ സമ്മർദം ചെലുത്തുന്നതായും വ്യാപാരികൾ പറയുന്നു.
നാലുവർഷമായി വ്യാപാരം മുടങ്ങിയ സാഹചര്യത്തിൽ ഓണത്തിന് മുമ്പ് കടകൾ തുറക്കാനായില്ലെങ്കിൽ കുടുംബജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികൾ പറയുന്നു. നഗരസഭയുടെ നടപടികൾ വൈകുന്നതിന് ചെയർപേഴ്സന്റെ കടുംപിടുത്തമാണ് കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം.






