ജയ്പൂർ : ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാല് ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറില്‍ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാള്‍ യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടയില്‍ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് പ്രതികള്‍ ആശിഷിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അതിനുശേഷം മൃതദേഹം കാറിനുള്ളില്‍ ഒളിപ്പിച്ചു. രാജസ്ഥാനിലെ മോഖംപുരയ്ക്ക് സമീപമുള്ള വനമേഖലയില്‍ മൃതദേഹം തള്ളിയ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. ആദ്യം രാജസ്ഥാനിലെ മോഖംപുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡല്‍ഹിയിലെ സരിത വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍, ഹൈവേ ടോള്‍ പ്ലാസ വിവരങ്ങള്‍, എന്നിവ കേന്ദ്രീകരിച്ച് ഡല്‍ഹി പോലീസും രാജസ്ഥാൻ പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.
അനില്‍ ജാട്ട് (23), റാം (29), സുമിത് (20), സാനു (18), അർജുൻ റിൻവ (22),16 വയസ്സുകാരനായ ഒരാള്‍ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
പണമില്ലാതെ വന്നപ്പോള്‍ വാഹനം കവർച്ച ചെയ്യാൻ പ്രതികള്‍ മുൻകൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.






