കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം നവംബർ 15 (തുലാം 29 ) ഞായറാഴ്ച കൊണ്ടാടുകയാണ്.
ക്ഷേത്രച്ചടങ്ങുകൾക്ക് ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.
രാവിലെ 10.30 ന് കാവടിഘോഷയാത്ര, 11 ന് തങ്കരഥം എഴുന്നള്ളിപ്പ്, 11.30ന് പനിനീര് അഭിഷേകം, പഞ്ചാമൃതാഭിഷേകം, ഭസ്മാഭിഷേകം, കുങ്കുമാഭിഷേകം,
നെയ്യഭിഷേകം, നല്ലെണ്ണ അഭിഷേകം, പാലഭിഷേകം, കരിക്കഭിഷേകം എന്നിവ നടക്കും.
1.30 ന് ഷഷ്ഠിപൂജ, സുബ്രഹ്മണ്യപൂജ,2 ന് മഹാപ്രാദമൂട്ട് വഴിപാടായി സമർപ്പിച്ചിരിക്കുന്നത് അഖിൽ ജോഷി വാഴവേലിയും കുടുംബാംഗങ്ങളുമാണ്.
സർവ്വ വിഘ്നങ്ങളും അകറ്റി ഭഗവാൻ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിനായി ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിസാന്ദ്രവുമായ വ്രതാനുഷ്ഠാനമാണ് സ്കന്ദഷ്ഠി.
കുടുംബത്ത് ഐശ്വര്യവും സമാധാനവും നിലനിൽക്കാനും സന്താനഭാഗ്യത്തിനും സന്താന ക്ഷേമത്തിനും രോഗ ദുരിതങ്ങളിൽ നിന്നും മനഃക്ലേശങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനുമാണ് സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ചു വരുന്നത്.
സ്കന്ദഷഷ്ഠി ഉത്സവം വിജയിപ്പിക്കുന്നതിനും ഭക്തജനങ്ങളെ സഹായിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് അഡ്വക്കേറ്റ് എം എൻ പുഷ്കരനും സെക്രട്ടറി കെ ഡി സലിമോനുംഅറിയിച്ചു. വാഹനങ്ങളിൽ വരുന്ന ഭക്തജനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശ്രീകുമാരമംഗലം ദേവസ്വം വനിതാ സംഘം, ഡെലിഗേറ്റ് മെമ്പർമാർ ,എസ് എൻ ഡി പി ശാഖാ പ്രവർത്തകർ ,
എസ് പി സി , എൻസിസി എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
വഴിപാടുകളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്04812524446 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.





