ഡൽഹി: യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു.
കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖില്‍ ജോയൻ (26) ആണ് മരിച്ചത്.
യുക്രെയ്നിലെ ഒഡേസ തീരത്ത് വെച്ചാണ് "ഗോള്‍ഡൻ ലിയോ" എന്ന ചരക്ക് കപ്പലിന് നേരെ റഷ്യൻ സേന ആക്രമണം നടത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയ കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരില്‍ 10 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.ആക്രമണത്തില്‍ 8 പേരെ യുക്രെയ്ൻ നാവിക സേന രക്ഷപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന യുക്രെയ്ൻ സ്വദേശിയായ പൈലറ്റും മരിച്ചു.
ജൂലൈ 20ന് ശേഷം കരിങ്കടലില്‍ ആക്രമിക്കപ്പെടുന്ന ഏഴാമത്തെ കപ്പലാണ് ഗോള്‍ഡൻ ലിയോ.അഖിലിന്റെ മരണവിവരം കുടുംബത്തെ ഇന്ത്യൻ എംബസി അറിയിച്ചു. വിദേശത്ത് ജോലിക്ക് പോയി വർഷങ്ങള്‍ക്ക് ശേഷമാണ് അഖില്‍ കപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്. മരണവാർത്ത കേട്ട് വെള്ളരിക്കുണ്ടിലെ വീട്ടില്‍ ദുഃഖം അരങ്ങേറി.
സമീപ ദിവസങ്ങളില്‍ യുക്രെയ്ൻ റഷ്യൻ നഗരങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കരിങ്കടലില്‍ റഷ്യയുടെ തിരിച്ചടി. വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം വർധിച്ചത് ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യുദ്ധമേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംഇഎ വ്യക്തമാക്കി.






