മുംബൈ: 29.67 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാൻ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ്മയ്ക്ക് നോട്ടീസ് അയച്ച് നിർമ്മാണ കമ്പനി.
മുൻകൂർ അനുമതിയില്ലാതെ സംവിധായകനുമായി ആരും പ്രവർത്തിക്കരുതെന്നും പ്രൊഡക്ഷൻ ഹൗസ് മുന്നറിയിപ്പ് നല്കി. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമ്മാണ കമ്പനിയായ എക്ലാറ്റന്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
തുക അടച്ചില്ലെങ്കില്‍ സിനിമകളിലെ വരുമാനത്തിലും പകർപ്പ് അവകാശങ്ങളിലും അവകാശവാദമുന്നയിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്കി. 2010 ലെ കരാർ പ്രകാരം കുടിശ്ശിക പൂർണമായി അടച്ചുതീർക്കുന്നത് വരെ മറ്റേതെങ്കിലും വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചേർന്ന് സിനിമാ പ്രവർത്തനം നടത്തുന്നതിന് മുമ്പ് എൻഒസി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട് 2013ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും കമ്പനി നോട്ടീസില്‍ പരമാർശിച്ചിട്ടുണ്ട്.
സംവിധായകന്റെ സിനിമയുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താൻ ഉദ്ദേശിക്കുന്നവർ നിർമ്മാണ കമ്പനിയില്‍നിന്ന് രേഖാമൂലമുള്ള എൻ.ഒ.സി നേടിയിരിക്കണം. കരാറിന്റെ പരിധിയില്‍ വരുന്ന സിനിമകളുടെ അവകാശങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സ്വയം ഉത്തരവാദികളാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്കി.
സാമ്പത്തിക കുടിശ്ശികയുമായി ബന്ധപ്പെട്ട് രാം ഗോപാല്‍ നേരിടുന്ന ആദ്യത്തെ തർക്കമല്ല ഇത്. 2021ല്‍ അദ്ദേഹത്തിന്റെ 'ഡി കമ്പനി' എന്ന ചിത്രത്തിന്റെ റിലീസ് തടയാൻ ഫെഡറേഷൻ ഒഫ് വെസ്റ്റേണ്‍ ഇന്ത്യ സിനിമ എംപ്ലോയീസ് ശ്രമിച്ചിരുന്നു. 12 കോടി രൂപയുടെ കുടിശ്ശികയാണ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം, പുതിയ നോട്ടീസ് സംബന്ധിച്ച് സംവിധായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹർഷവർദ്ധൻ റാണെ നായകനാകുന്ന 'പൊലീസ് കമ്പനി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നിലവില്‍ രാംഗോപാല്‍ വർമ്മ.






